ഫയൽ ചിത്രം

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയിലെ എപ്പിസോഡിലെ അശ്ലീല പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് യൂട്യൂബര്‍മാരായ രണ്‍വീര്‍ അല്ലാബാഡിയ, സമയ് റെയ്‌ന, അപൂര്‍വ മഖിജ തുടങ്ങിയവര്‍ക്കെതിരേ മഹാരാഷ്ട്ര സൈബര്‍ വകുപ്പ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാഡിയ അശ്ലീലപരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് റിയാലിറ്റി ഷോ വിവാദമായത് സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പങ്കിട്ട വീഡിയോ വലിയ പ്രതിഷേധത്തിനിടയാക്കി. ഐ.ടി. ആക്ട് പ്രകാരം മഹാരാഷ്ട്ര സൈബര്‍വകുപ്പ് സ്വമേധയാ എഫ്.ഐ.ആര്‍. ഫയല്‍ചെയ്തു. ഷോയുടെ 18 എപ്പിസോഡുകളും നീക്കാന്‍ സൈബര്‍വകുപ്പ് ആവശ്യപ്പെട്ടു.

രണ്‍വീര്‍ അല്ലാബാഡിയയുടെ മോശം പരാമര്‍ശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, യുട്യൂബര്‍മാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്ത അസമില്‍നിന്നുള്ള പോലീസ് സംഘവും ബുധനാഴ്ച മുംബൈയിലെത്തി.

ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് രണ്‍വീറിനൊപ്പം സമയ് റെയ്‌ന, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരേ അസം പോലീസ് നേരത്തേ കേസെടുത്തിരുന്നു.

പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ‘ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണണോ, അതോ ഒരിക്കല്‍ അതില്‍ ചേരുകയും അത് എന്നെന്നേക്കുമായി നിര്‍ത്തുകയും ചെയ്യണോ?’ എന്നാണ് രണ്‍വീര്‍ ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടിവന്നത്. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.