ബസിന് തീപിടിച്ചതിന്റെ ദൃശ്യം

മൈസൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന സ്വകാര്യബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിലാണ് സംഭവം. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല.

ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘അശോക’ ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ബസിന്റെ പിന്‍വശത്താണ് തീപിടിത്തമുണ്ടായത്. യാത്രയ്ക്കിടെ പിറകിലെ ടയറിന്റെ ഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ യാത്രക്കാരെയെല്ലാം പുറത്തിറക്കി സുരക്ഷിതരാക്കി. ലഗേജുകളും മാറ്റി. തുടര്‍ന്ന് ബസ് ജീവനക്കാരും മദ്ദൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം പിന്നീട് മറ്റുബസുകളില്‍ കണ്ണൂരിലേക്ക് അയച്ചു.