ഫയൽ ചിത്രം
റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 28 മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് ബസ്തർ പൊലീസ് പറയുന്നത്. ഏപ്രിൽ 16ന് 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതിന്ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയാകുമെന്നും എസ് പി കൂട്ടിച്ചേർത്തു.
പ്രദേശത്ത് മാവോവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴാഴ്ച ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി ഗ്രാമങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായാണ് മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
