പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. 8.20-വരെ എ.എപിക്ക് ആറ് സീറ്റുകളിലും ബി.ജെ.പി ഒമ്പത് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. അതേസമയം കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവരുമ്പോഴുള്ള സൂചനയാണിത്. ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് തുടക്കത്തിൽ പുറത്തുവരുന്നത്.

തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം തുടക്കത്തിൽ മുന്നിലെത്തിയ ബി.ജെ.പിക്ക് ലീഡ് തുടരാനാകുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.

ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തുടർഭരണം ലക്ഷ്യമിട്ട്‌ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജൻസി പോളുകൾ പ്രവചിക്കുന്നു.