ഇന്ത്യക്കാരുമായെത്തിയ യു.എസ്. സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയപ്പോൾ
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരില്‍ നാല്‍പ്പത്തിയെട്ടുപേരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ടെക്‌സസില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെയാണ് പഞ്ചാബിലെ അമൃത്സറിൽ ഇറക്കിയത്.
ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍, കനത്തസുരക്ഷയില്‍ ഇറങ്ങിയ സി-17 യു.എസ്. സൈനിക വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത്, ഹരിയാണ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരില്‍ 25 പേര്‍ സ്ത്രീകളും 12 പേര്‍ പ്രായപൂര്‍ത്തായാകാത്തവരുമാണ്. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് നാലുവയസ്സാണ്.
ഗുജറാത്തില്‍നിന്നും ഹരിയാണയില്‍നിന്നും 33 പേര്‍ വീതമുണ്ട്. പഞ്ചാബില്‍നിന്ന് 30 പേരും ഉത്തര്‍ പ്രദേശില്‍നിന്നും ചണ്ഡീഗഢില്‍നിന്നും രണ്ടുപേര്‍ വീതവുമുണ്ട്. മൂന്നുപേര്‍ മഹാരാഷ്ട്രക്കാരാണ്. തിരിച്ചയക്കല്‍ നടപടികളുടെ മേല്‍നോട്ടത്തിന് 11 ക്രൂ അംഗങ്ങളും 45 യു.എസ്. ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.
അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിരുന്നു ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുക.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്. ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.
അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്.
