വിമാനം തകർന്നുവീണ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു| Photo: AFP
ഫിലാഡല്‍ഫിയ : യു.എസില്‍ വീണ്ടും വിമാനാപകടം. ആറുപേരുമായി പറക്കുകയായിരുന്നു ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. ആളപായമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Learjet 55 വിഭാഗത്തില്‍പ്പെടുന്ന ചെറുവിമാനം നഗരത്തിലെ ജനവാസ കേന്ദ്രത്തിന് സമീപത്താണ് തകര്‍ന്നുവീണതെന്ന് ഫിലാഡല്‍ഫിയ സിറ്റി അധികൃതര്‍ വ്യക്തമാക്കി. തിരക്കേറിയ റോഡിന് സമീപത്തായി വീണ വിമാനം പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്നും സ്പ്രിങ്ഫീല്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.
മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് വാഷിങ്ടണിനുസമീപം റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ ഈഗിളിന്റെ സി.ആര്‍.ജെ.-700 വിമാനം സൈന്യത്തിന്റെ യു.എച്ച്. 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 67 യാത്രക്കാരില്‍ 40 പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം നദിയില്‍ നിന്ന് കണ്ടെടുത്തു.
വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്ന സമയത്ത് റീഗന്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ കുറവായിരുന്നെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണനിലയില്‍ വ്യോമഗതാഗതം കൈകാര്യംചെയ്യാന്‍ രണ്ട് കണ്‍ട്രോളര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍മാത്രമാണുണ്ടായിരുന്നതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ.) നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. രാജ്യത്തെ നടുക്കിയ ഈ അപകടം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ജനവാസ മേഖലയില്‍ മറ്റൊരു വിമാനം കൂടെ തകര്‍ന്നു വീണിരിക്കുന്നത്.
