കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽനിന്നു പുറത്തേയ്ക്കു വരുന്നു. കയ്യിൽ ബജറ്റ് രേഖകൾ അടങ്ങിയ പരമ്പരാഗത ‘ബാഹി ഖാത’യിൽ പൊതിഞ്ഞ ഡിജിറ്റൽ ടാബ്‌ലറ്റ്
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്; നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റും. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി. ഏഴെണ്ണം അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡാണു നിർമല മറികടന്നത്.
ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കായിരുന്നു (6 എണ്ണം). തുടർച്ചയായി കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മറ്റു ധനമന്ത്രിമാർ: ഡോ.മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്‍ലി (5 വീതം).
