ധനമന്ത്രി നിർമല സീതാരാമൻ, പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI

ന്യൂഡല്‍ഹി : ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.

12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും.

പുതിയ സ്ലാബ് ഇങ്ങനെ:

  • 0-4 ലക്ഷംവരെ നികുതി ഇല്ല
  • 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
  • 8-12 ലക്ഷം- 10 ശതമനം നികുതി
  • 12-16 ലക്ഷം -15 ശതമാനം നികുതി
  • 16-20 ലക്ഷം വരെ 20 ശതമാനം നികുതി
  • 20-24 ലക്ഷം- 25 ശതമാനം നികുതി
  • 25ന് മുകളില്‍ 30 ശതമാനം നികുതി

മധ്യവര്‍ഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്‌സ് വര്‍ധിപ്പിക്കുക, ചെലവാക്കല്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്‌കരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.

60-80 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന ഇളവ് 3 ലക്ഷമാണ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 5 ലക്ഷമാണ്.

ആദായ നികുതിയിളവിന്റെ നാള്‍വഴികള്‍:

  • 2005 – വരുമാന പരിധി 1 ലക്ഷം
  • 2012- വരുമാന പരിധി 2 ലക്ഷം
  • 2014- വരുമാന പരിധി 2.5 ലക്ഷം
  • 2019 വരുമാനപരിധി 5 ലക്ഷം
  • 2023-വരുമാനപരിധി 7 ലക്ഷം
  • 2025-വരുമാനപരിധി 12 ലക്ഷം