നിർമലാ സീതാരാമൻ

2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്), ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ വളര്‍ച്ചാ അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സര്‍ക്കാരിന്റെ കണക്കുകള്‍.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോടെ ‘വിക്ഷിത് ഭാരത്’ എന്ന സാമ്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്നും സര്‍വെയില്‍ പറയുന്നു.

ശക്തമായ സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഏകീകരണം, സ്ഥിരതയുള്ള സ്വകാര്യ ഉപഭോഗം എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥ കരുത്ത് പ്രകടിപ്പിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങള്‍, റഷ്യ-യുക്രെയിന്‍ സംഘര്‍ഷം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുണ്ടെന്നും സര്‍വെയില്‍ പറയുന്നു.

ദുര്‍ബലമായ നിര്‍മാണ മേഖലയും മന്ദഗതിയിലുള്ള കോര്‍പറേറ്റ് നിക്ഷേപങ്ങളും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ച 6.4 ശതമാനത്തിലേക്ക് ചുരുക്കി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കുത്തനെയുള്ള ഇടിവും. 2023- 24 സാമ്പത്തിക വര്‍ഷം 8.2 ശതമാനവും 2022-23ല്‍ 7.2 ശതമാനവും 2021-12ല്‍ 8.7 ശതമാനവുമാണ് വളര്‍ച്ചകൈവരിച്ചത്..