Photo: x.com/InsideSportIND

ന്യൂഡല്‍ഹി : 12 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ വിരാട് കോലിക്ക് നിരാശ. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ 15 പന്തുകള്‍ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോലി മടങ്ങിയത്. ഹിമാന്‍ഷു സാങ്‌വാന്റെ പന്തില്‍ കോലിയുടെ ഓഫ്സ്റ്റമ്പ് പറപറക്കുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബി.സി.സി.ഐ. ആവശ്യപ്പെട്ടതുകൊണ്ടാണ് കോലി ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നു. പരിക്കിലായതിനാല്‍ കോലി ആ മത്സരത്തില്‍നിന്ന് വിട്ടുനിന്നു.

2012-ല്‍ ഉത്തര്‍പ്രദേശിനെതിരെ രഞ്ജി കളിച്ച ശേഷം ഇതാദ്യമായാണ് കോലി ഡല്‍ഹിക്കായി രഞ്ജി കളിക്കാനിറങ്ങിയത്. അതാകട്ടെ നിരാശയുടേതുമായി. അന്ന് ഉത്തര്‍ പ്രദേശിനായി മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഭുവനേശ്വര്‍ കുമാര്‍, പ്രവീണ്‍ കുമാര്‍ എന്നിവരെല്ലാം കളിച്ചിരുന്നു. ഡല്‍ഹി ടീമില്‍ കോലിക്കൊപ്പം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ, ഇഷാന്ത് ശര്‍മ എന്നിവരും അന്ന് കളത്തിലിറങ്ങി.

അതേസമയം 12 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങുന്നതു കാണാന്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത് 15,000-ല്‍ അധികം ആരാധകരാണ്. മത്സരം കാണാന്‍ സൗജന്യമായാണ് ആരാധകരെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിച്ചത്. ഇതോടെ ആയിരക്കണക്കിന് ആരാധകര്‍ കോലിയെക്കാണാന്‍ വേണ്ടി മാത്രം സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി.

സ്റ്റേഡിയത്തിന്റെ ഗേറ്റ് 16-ലെ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ് ആരാധകരായ ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതോടെ സുരക്ഷ ശക്തമാക്കി. ഈ വിധത്തിലുള്ള തിരക്ക് ഡല്‍ഹി ഭരണകൂടം പ്രതീക്ഷിച്ചതായിരുന്നില്ല. ആരാധകര്‍ക്കായി തുടക്കത്തില്‍ മൂന്ന് കവാടങ്ങള്‍ തുറന്നുനല്‍കാനാണ് കരുതിയിരുന്നത്. ആളുകള്‍ വര്‍ധിച്ചതോടെ മറ്റു കവാടങ്ങളും കൂടി തുറന്നുനല്‍കുകയായിരുന്നു. കവാടം തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്നേതന്നെ ആളുകള്‍ സമീപത്ത് നിലയുറപ്പിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് അരികെ തിങ്ങിക്കൂടിയ ആളുകളെ നീക്കാന്‍ പൊലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടിവന്നു. ഒട്ടേറേപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ കോലിയുടെ അടുത്തെത്തി പാദങ്ങളില്‍ തൊട്ട് വണങ്ങിയ സംഭവവുമുണ്ടായി.