പ്രതീകാത്മക ചിത്രം

ആഗോള വിപണിയില്‍ ഡിമാന്‍ഡ് കൂടിയത് നേട്ടമാക്കി സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവില്‍ ഒരൊറ്റ ദിവസം ഇത്രയും വില വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില 61,840 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,799.2 ഡോളറിലെത്തുകയും ചെയ്തു. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 31.52 ഡോളര്‍ നിലവാരത്തിലെത്തി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.25 ശതമാനം ഉയര്‍ന്ന് 82,250 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ 0.20 ശതമാനം കുതിച്ച് കിലോഗ്രാമിന് 93,635 രൂപയുമായി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ കൂടുതല്‍ റിസ്‌ക് ഉള്ള ആസ്തികളില്‍നിന്ന് നിക്ഷേപകര്‍ പിന്മാറുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. പ്രതിരോധ ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാനതിടയാക്കി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഇത്തവണ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും സ്വര്‍ണത്തിന് നേട്ടമായി. സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ വിലവര്‍ധിക്കാനാണ് സാധ്യത.