പ്രതീകാത്മക ചിത്രം

ബെംഗളൂരു : വടക്കന്‍ കര്‍ണാടകത്തിലെ റായ്ച്ചൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു. സിദ്ധനൂര്‍ ആര്‍ട്സ് കോളജിലെ എം.എസ്.സി വിദ്യാര്‍ഥിനി ഷിഫയാണ് (22) കൊല്ലപ്പെട്ടത്.

കൊലപാതകത്തിനുശേഷം പ്രതി മുബീന്‍ പോലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തിയശേഷം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിഫയുടെ കഴുത്തറുക്കുകയായിരുന്നു. ഷിഫ ചോരവാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.

പിന്നാലെ മുബീന്‍ സിദ്ധനൂര്‍ നഗര്‍ പോലീസ് സ്റ്റേഷനലെത്തി കീഴടങ്ങുകയായിരുന്നു. ഷിഫയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെന്നും നിരസിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.