ബറാക് ഒബാമ, ജോ ബൈഡൻ, ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമ, ജോ ബൈഡന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെ കീഴില്‍ ‘കടുത്ത ബൗദ്ധിക വൈകല്യമുള്ള’ ആളുകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിച്ചിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകടത്തിനു കാരണമായതെന്നും ട്രംപ് തുറന്നടിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങളെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘കോമണ്‍സെന്‍സ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ബുദ്ധിമാന്‍മാരും കൃത്യമായ തീരുമാനമെടുക്കേണ്ടവരുമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സ്ഥാനങ്ങളില്‍ ഉണ്ടാകേണ്ടത് ഏറ്റവും മികച്ചവരാണെന്നും ട്രംപ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടം മുന്നില്‍ക്കണ്ട് അതിവേഗം ഉചിതമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ തലപ്പത്ത് ഉണ്ടായിരിക്കണമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയുമടക്കം 67 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു.

അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു.