അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : യമുനാനദിയിൽ ഹരിയാണ സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വിഷയത്തിൽ കെജ്‌രിവാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂടുതൽ വ്യക്തതവേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

യമുനയിൽ ഹരിയാണ വ്യാവസായികമാലിന്യം തള്ളുന്നുവെന്നും വെള്ളത്തിലെ അമോണിയത്തിന്റെ അളവ് ശുദ്ധീകരിക്കാനാകുന്നതിലും കൂടുതലാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. എന്നാൽ, വെള്ളത്തിൽ അമോണിയ കലർന്നിരിക്കുന്ന വിഷയം ഏറെനാളായി ചർച്ചയിലുള്ളതാണെന്നും നദിയിൽ വിഷംകലർത്തിയെന്നതിനുള്ള തെളിവുവേണമെന്നുമാണ് കമ്മിഷൻ അറിയിച്ചത്. എന്തുവിഷമാണ് കലർത്തിയതെന്നതിന്റെ വിശദാംശങ്ങളും ശാസ്ത്രീയതെളിവുകളും വെള്ളിയാഴ്ചയ്ക്കകം നൽകണമെന്നും ആവശ്യപ്പെട്ടു.

വീണ്ടും നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. യമുനാനദിയിലെ വെള്ളത്തിന് കുഴപ്പമൊന്നുമില്ലെങ്കിൽ അതു പരസ്യമായി കുടിക്കാൻ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നടത്തിയ എ.എ.പി. നേതാക്കളെ പോലീസ് തടഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ കെജ്‌രിവാൾ ബി.ജെ.പി.ക്കുനേരേ അടിസ്ഥാനമില്ലാത്ത ആരോപണമുയർത്തുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിൽവന്നാൽ മൂന്നുവർഷത്തിനുള്ളിൽ യമുന വൃത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ബി.ജെ.പി. പ്രചാരണത്തിൽ പറഞ്ഞു.