കോഴിക്കോട് പുളിയാവ് കോളജിൽ സംഘർഷത്തെത്തുടർന്ന് പോലീസെത്തിയപ്പോൾ
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തിനിടെ കോഴിക്കോട് നാദാപുരം പുളിയാവ് കോളജില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി 12- ന് നാടകമത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത് . നാടകം അവസാനിക്കുന്നതിന് മുമ്പ് കര്‍ട്ടന്‍ താഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങുന്നത്. ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ത്ഥികളുടെ നാടക മത്സരമാണ് സ്റ്റേജില്‍ അപ്പോള്‍ നടന്നത്.
ഗുരുവായൂരപ്പന്‍ കോളജിലെയും മീഞ്ചന്ത ആര്‍ട്‌സ് കോളേജിലേയും വിദ്യാര്‍ത്ഥികള്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു. സംഘര്‍ഷം കനത്തതോടെ പോലീസ് ലാത്തി വീശി. ഇതോടെ പ്രകോപനം പോലീസിന് നേരെയായി. ഏറെ നേരം കോളജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അപ്പീല്‍ നല്‍കാന്‍ പ്രോഗ്രാം കമ്മറ്റി ഓഫിസിലെത്തിയപ്പോള്‍ അവര്‍ക്കും മര്‍ദ്ദനമേറ്റു. വാളണ്ടിയന്മാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് നാദാപുരം , കുറ്റ്യാടി , വളയം , വടകര എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നാദാപുരം ഗവ: ആശുപത്രിയില്‍ ചികിത്സ തേടി.
