സിസിടിവി ദൃശ്യത്തിൽ നിന്ന്

വള്ളികുന്നം(ആലപ്പുഴ) : കായംകുളം വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. രാമചന്ദ്രൻ്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരൻ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

അയൽപക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചിറി, മുഖം എന്നിവിടങ്ങൾ കടിച്ചു പറിച്ച നിലയിലാണ്. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്.

ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മേഖലയിൽ തെരുവ് നായകൾ ഉൾപ്പടെ ഒട്ടധികം വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.