Photo: Screengrab/ Photo: x.com/IndSuperLeague

ചെന്നൈ : ഐ.എസ്.എല്ലില്‍ ചെന്നൈയില്‍ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായി ഗ്രൗണ്ടില്‍ താരങ്ങള്‍ തമ്മിലുള്ള കയ്യാങ്കളി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും പകരക്കാരനായി ഇറങ്ങിയ നോഹ സദോയിയുമാണ് കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ മൈതാനത്ത് പരസ്യമായി പരസ്പരം ഏറ്റുമുട്ടിയത്.

ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു ടീമിനാകെ നാണക്കേടായ സംഭവം. മുഹമ്മദ് അസ്ഹര്‍ നല്‍കിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും താരത്തിന് ലക്ഷ്യം കാണാനായിരുന്നില്ല. എന്നാല്‍ ഈ സമയം ബോക്‌സില്‍ ഗോളടിക്കാനുള്ള മികച്ച പൊസിഷനില്‍ അരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ലൂണയും ഇഷാന്‍ പണ്ഡിതയും ഉണ്ടായിരുന്നു. പാസ് നല്‍കാതെ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തിയതിന് ലൂണ ഉടന്‍ തന്നെ നോഹയ്ക്ക് നേര്‍ക്ക് എന്തോ പറഞ്ഞു. നോഹയും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി. ഇഷാന്‍ പണ്ഡിതയാണ് പെട്ടെന്ന് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റിയത്. തുടര്‍ന്നും ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്നതും കാണാമായിരുന്നു.

മത്സരം മികച്ച രീതിയില്‍ ജയിച്ചിട്ടും ഫൈനല്‍ വിസിലിനു ശേഷം പരസ്പരം മുഖം കൊടുക്കാതെയാണ് ഇരുവരും മൈതാനം വിട്ടത്. അതേസമയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ചൈന്നെയിന്‍ എഫ്.സി.യെ തകര്‍ത്തത്. ഐ.എസ്.എല്‍. ഫുട്ബോളില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ടീമിനായി ജീസസ് ജെമിനിസ് (3), കോറു സിങ് (45+3), ക്വാമി പെപ്ര (56) എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് കളിയിലെ താരം. ചെന്നൈയില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.