പി.പി ദിവ്യ, പിണറായി വിജയൻ

കോഴിക്കോട് : എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിലായിരുന്നു പരാമര്‍ശം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പി. ജയരാജന്റെ പ്രസ്താവനകള്‍ ദോഷം ചെയ്‌തെന്ന് പ്രതിനിധികളും വിമര്‍ശിച്ചു.

പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ഉണ്ടായത്. വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ശരിയായില്ല. ഇതൊക്കെ പാര്‍ട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

ചര്‍ച്ചയില്‍ ഇ.പി ജയരാജനെതിരെയും കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇ.പിക്ക് ഇത്തരം വീഴ്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കി.