Photo: KCA

തിരുവനന്തപുരം : ആറുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ. ബിഹാറിനെ ഇന്നിങ്സിനും 168 റൺസിനും തകർത്താണ് കേരളം ക്വാര്‍ട്ടറിൽ പ്രവേശിച്ചത്.

64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാറിനെ 118 റണ്‍സിന് രണ്ടാം ഇന്നിങ്‌സിലും എറിഞ്ഞിട്ട് ഇന്നിങ്‌സ് വിജയം നേടിയാണ് കേരളം രഞ്ജിയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തെന്ന അഭിമാന നേട്ടം സ്വന്തമാക്കിയത്. ബാറ്റുകൊണ്ട് സല്‍മാന്‍ നിസാറും പന്തുകൊണ്ട് വിശ്വസ്തനായ സ്പിന്നര്‍ ജലജ് സക്‌സേനയും നിറഞ്ഞാടിയപ്പോള്‍ ഒരിന്നിങ്‌സിനും 169 റണ്‍സിനുമാണ് ബിഹാറിനെ കേരളം തകര്‍ത്തത്. രണ്ട് ഇന്നിങ്ങ്‌സിലും അഞ്ച് വിക്കറ്റ് വീതമെടുത്ത ജലജ് ഒരിക്കല്‍ കൂടി കേരള ബൗളിങ്ങിന്റെ കുന്തമുനയായി. ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ ബിഹാറിനെ രണ്ട് ഇന്നിങ്‌സിലും കേരളം പുറത്താക്കി എന്ന പ്രത്യേകതയുമുണ്ട് ഈ വിജയത്തിന്. ആകെ ഇന്ന് വീണത് 21 വിക്കറ്റാണ്‌.

കേരളത്തിന്റെ സ്റ്റാര്‍ ബാറ്ററായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനൊപ്പമായതിനാല്‍ ഈ മത്സരത്തിലില്ലായിരുന്നു. മധ്യനിര ബാറ്ററും ക്യാപ്റ്റനുമായ സച്ചിന്‍ ബേബിയും കേവലം നാല് റണ്‍സിന് പുറത്തായിരുന്നു. പ്രധാന ബാറ്റര്‍മാരില്‍ ഷോണ്‍ റോജര്‍ ഒഴികെ എല്ലാവരും നിറംമങ്ങിയ മത്സരത്തില്‍ സല്‍മാന്‍ നിസാറിന്റെ അവസരോചിത ഇന്നിങ്‌സാണ് കേരളത്തിനെ രക്ഷിച്ചതും ടീമിന് വിജയവഴിക്കുള്ള അടിത്തറ പാകിയതും. 150 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരായ ഹരിയാണ, കര്‍ണാടക, ബംഗാള്‍, യു.പി, മധ്യപ്രദേശ് എന്നീ ടീമുകള്‍ അടങ്ങിയ എലൈറ്റ് ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളം ഉജ്ജ്വല പ്രകടനവുമായി ക്വാര്‍ട്ടറിലെത്തിയത്. നിലവില്‍ ഗ്രൂപ്പില്‍ കേരളമാണ് ഒന്നാമത്. പോയന്റ് നിലയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ഹരിയാണയും കര്‍ണാടകയും തമ്മിലുള്ള കളിയുടെ ഫലം അറിവായേലെ കേരളത്തിനൊപ്പം ഏത് ടീമാകും ക്വാര്‍ട്ടറില്‍ കടക്കുക എന്ന് വ്യക്തമാകൂ.

സ്കോർ: കേരളം – 351, ബിഹാർ – 64, 118