കേരള ഹൈക്കോടതി

കൊച്ചി : പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എസ്.പി. റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്നാണ് സംസ്ഥാനപോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പിണറായി പഞ്ചായത്തില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് നീക്കാനെത്തിയ പഞ്ചായത്ത് ജീവനക്കാരെ സി.പി.എം. നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. പക്ഷേ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലീസിനുമുന്നില്‍ ഇതുവരെ പരാതിയും എത്തിയിട്ടില്ല. നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് അമിക്കസ്‌ക്യൂറി ഹൈക്കോടതിയ്ക്ക് ഒരു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പിണറായി പഞ്ചായത്തില്‍ നടന്നതെന്തെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘പുതിയ കേരളമെന്ന് നമ്മളിങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞിട്ട് കാര്യമില്ല, പറയുന്ന കാര്യത്തിന് ആത്മാര്‍ഥത വേണം’ എന്ന് വിഷയം പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറയുകയുണ്ടായി. ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നും കോടതി ഓര്‍മ്മിപ്പിച്ചു.