Photo : x / @Ani_iTV
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ സീതാപുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. രാകേഷ് റാത്തോഡ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. സ്വവസതിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് എം.പിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷമായി രാകേഷ് റാത്തോഡ് തന്നെ ലൈംഗികപീഡനത്തിനിരയാക്കി വരുന്നതായി ജനുവരി 17 ന് ഒരുയുവതിയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
നാല് വര്‍ഷത്തിനുശേഷമാണ് പരാതിക്കാരി കേസ് നല്‍കിയതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും റാത്തോഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ നിരസിക്കുകയും രണ്ടാഴ്ചക്കുള്ളില്‍ സെഷന്‍സ് കോടതിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ജനുവരി 17 ന് പരാതി ലഭിച്ചയുടനെ പോലീസ് റാത്തോഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുശേഷം എം.പിയുടെ അഭിഭാഷകര്‍ എം.പി.-എം.എല്‍.എ. കോടതിയില്‍ മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ജനുവരി 23 ന് ഹര്‍ജി കോടതി തള്ളിയിരുന്നു.
