പി.എം.എ സലാം

തിരൂര്‍ : സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

”പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ. ഇത് ലോകം അംഗീകരിച്ചിട്ടുണ്ടോ,” അദ്ദേഹം ചോദിച്ചു.

ഒളിമ്പിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും സലാം ചോദിച്ചു. അതേസമയം മതനേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് സലാം പറയുന്നതെന്നും ഇത് ലീഗിന്റെ നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും സലാമിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനമുയരുന്നുണ്ട്.