മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങൾ
രാജ്‌കോട്ട് : ആദ്യ രണ്ടു മത്സരങ്ങളിലെ മിന്നുംജയത്തിന്റെ ആവേശത്തില്‍ പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടിട്വന്റിയില്‍ അടിപതറി. 26 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 172 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും രാജ്‌കോട്ടിലും താളം കണ്ടെത്താനായില്ല. സഞ്ജു മൂന്ന് റണ്‍സിനും സൂര്യകുമാര്‍ 14 റണ്‍സിനും കൂടാരം കയറി. 35 പന്തില്‍ 40 റണ്‍സ് നേടിയ ഹര്‍ദ്ദിക്ക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷര്‍ പട്ടേല്‍-ഹര്‍ദ്ദിക്ക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 123ല്‍ നില്‍ക്കെ അക്ഷര്‍ പുറത്തായി. ഇംഗ്ലണ്ടിനായി ഓവര്‍ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡോണ്‍ കാര്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പിഴുതു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് പടുത്തുയര്‍ത്തിയത്. ബെന്‍ ഡക്കറ്റിന്റെയും (51) ലിയാം ലിവിങ്സ്റ്റണിന്റെയും (43) വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദീര്‍ഘകാലത്തിന് ശേഷം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ തിരിച്ചെത്തി ശ്രദ്ധനേടിയെങ്കിലും മൂന്നു ഓവറുകള്‍ മാത്രമെറിഞ്ഞ താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനായില്ല.
