ഗ്രാക്‌സ്, സുനിൽരാജ് ,അനിൽ രാജ് ,ജിരീഷ്
ചെങ്ങാലൂര്‍ : കുണ്ടുകടവില്‍ മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത നാലുപേരെ പുതുക്കാട് പോലീസ് പിടികൂടി.
ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി മുത്തിപ്പീടിക ഗ്രാക്‌സ് (54), വാടാനപ്പിള്ളി, തൃത്തല്ലൂര്‍ സ്വദേശി ഇത്തിക്കാട്ട് സുനില്‍രാജ് (38), സഹോദരന്‍ അനില്‍രാജ്, സുഹൃത്ത് ജിരീഷ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടുകടവില്‍ പോത്ത് ഫാം നടത്തുന്ന സുനില്‍രാജുമായി ഗ്രാക്‌സിനുള്ള മുൻവൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പോത്ത് ഫാമിന് മുന്നില്‍നിന്ന സുനില്‍രാജ്, അനില്‍രാജ് എന്നിവരെ ഗ്രാക്‌സ് വെല്ലുവിളിക്കുകയും ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് സുനില്‍രാജും സഹോദരനും ജിരീഷും തിരിച്ച് ആക്രമിച്ചു. അരിവാളുകൊണ്ടുള്ള സുനില്‍ രാജിന്റെ ആക്രമണത്തില്‍ ഗ്രാക്‌സിന്റെ ചെവികള്‍ മുറിഞ്ഞു.
സംഭവത്തില്‍ ഇരുകൂട്ടരുടേയും പേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. വ്യാഴാഴ്ച കുണ്ടുകടവ് ഭാഗത്ത് റോഡിലൂടെ നടന്നുവന്ന ഓട്ടിസം ബാധിതയായ യുവതിയെ മദ്യലഹരിയില്‍ അകാരണമായി മുഖത്തടിച്ചതിനും ഗ്രാക്‌സിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
പുതുക്കാട് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍, എസ്.ഐ. എന്‍. പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ. കെ.കെ. വിശ്വനാഥന്‍, ഗ്രേഡ് എസ്.സി.പി.ഒ.മാരായ വി.ഡി. അജി, പി.കെ. സുരേഷ് കുമാര്‍, സി.പി.ഒ. മാരായ എ. ജെറിന്‍ ജോസ്, പി.ഡി. നവീന്‍കുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
