അക്ഷര ജയകൃഷ്ണൻ

പാലക്കാട് ∙ കണ്ടെയ്നർ ലോറിക്കു സൈഡ് കൊടുക്കാൻ വെട്ടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ചു മറിഞ്ഞു കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് പുത്തൂർ കൃഷ്ണകണാന്തി കോളനി ‘ജയതി’യിൽ അക്ഷര ജയകൃഷ്ണൻ (19) ആണു മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോങ്ങാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ജയകൃഷ്ണന്റെയും പാലക്കാട് ബിആർസിയിലെ ഉദ്യോഗസ്ഥ വിദ്യയുടെയും മകളാണ്. കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ മണലി ബൈപാസിൽ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ മണലി ബൈപാസിൽ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന സഹോദരൻ അരവിന്ദിനെ സ്കൂട്ടറിൽ സ്കൂളിലെത്തിച്ചു മടങ്ങുകയായിരുന്നു.

പിന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കാതിരിക്കാൻ അക്ഷര പെട്ടെന്നു സ്കൂട്ടർ വെട്ടിച്ചതോടെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നു നോർത്ത് പൊലീസ് പറഞ്ഞു. .സ്കൂട്ടറിൽ നിന്നു തെറിച്ചു റോഡിൽ തലയിടിച്ചാണ് അക്ഷര വീണത്. ഹെൽമറ്റ് തകർന്നു. ലോറി നിർത്താതെ പോയി. യാത്രക്കാർ അക്ഷരയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .ലോറി അമിതവേഗത്തിലായിരുന്നെന്നു യാത്രക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂർ വിഎൽബി ജാനകിയമ്മാൾ കോളജിൽ രണ്ടാം വർഷ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അക്ഷര.