സത്യൻ മൊകേരിയുടെ ലേഖനം
കോഴിക്കോട് : എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ. കര്‍ഷകര്‍ക്ക് ആശങ്കയെന്നും സംസ്ഥാനത്തിന്റെ താത്പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടെ ലേഖനം. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് ലേഖനം വന്നിരിക്കുന്നത്.
കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യനിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഇത്തരം നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണം. ജനങ്ങളുടെ താത്പര്യത്തിന് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാവണമെന്നും ലേഖനത്തില്‍ പറയുന്നു.
“കൃഷി ചെയ്യാന്‍ ആവശ്യത്തിന് വെള്ളവും അനുയോജ്യമായ മണ്ണും ആവശ്യമാണ്. രണ്ടിനും ഭീഷണി ഉയരുന്നതാണ് ഇന്ന് കാണുന്നത്. മലമ്പുഴ ഡാമിലെ വെള്ളം മറ്റ് പല ആവശ്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്ന പ്രവണതയുണ്ട്. ഇതുവഴി കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പാലക്കാട്ടെ കാര്‍ഷിക മേഖല നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറി തുടങ്ങുന്നതിന് പ്രാഥമിക അനുമതി നല്‍കിയിട്ടുള്ളത്”. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍നിന്ന് ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയര്‍ന്നുവരുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.
മദ്യക്കമ്പനി വെള്ളം ചൂഷണംചെയ്യുന്നതിലൂടെ കൃഷിക്കാവശ്യമായ വെളളം ലഭിക്കില്ല. കാര്‍ഷിക മേഖല സ്തംഭനത്തിലാവുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുക. മലമ്പുഴ ഡാമില്‍നിന്ന് വെളളം മദ്യനിര്‍മാണത്തിന് വിട്ടുനല്‍കിയാല്‍ കൃഷിതന്നെ ഇല്ലാതാകുമെന്നും സത്യന്‍ മൊകേരിയുടെ ലേഖനത്തില്‍ പറയുന്നു. 2008-ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് മദ്യകമ്പനി തുടങ്ങാന്‍ പ്രാഥമിക അനുമതി നല്‍കിയത്. പ്ലാന്റിന് പ്രത്യേക അനുമതി നല്‍കിയത് പുനഃപരിശോധിക്കാന്‍ തയ്യാറാവണം. കര്‍ഷകരുടെയും തൊഴിലാളികളുടേയും നാടിന്റേയും താത്പര്യം സംരക്ഷിക്കപ്പെടണമെന്നും ലേഖനത്തിലുണ്ട്. ബ്രൂവറിക്കെതിരേ സിപിഐ പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ട്ടി മുഖപത്രത്തില്‍ സത്യന്‍ മൊകേരിയുടെ ലേഖനം.
