ഇലോൺ മസ്ക്, സുനിത വില്യംസ് | Photo: AP, PTI

വാഷിങ്ടൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറെനാളായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനേയും ബാരി വില്‍മറിനേയും തിരികെയെത്തിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി ഇലോൺ മസ്ക്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം ഇത്രയുംനാൾ ഇവരെ തിരികെയെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിനേയും മസ്ക് കുറ്റപ്പെടുത്തി.

‘ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ രണ്ട് ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെയെത്തിക്കാൻ പ്രസിഡന്റ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യും. ബൈഡൻ ഭരണകൂടം അവരെ ഇത്രയും നാൾ അവിടെ ഉപേക്ഷിച്ചത് ഭയാനകമാണ്’, മസ്ക് എക്സിൽ കുറിച്ചു.

അതിനിടെ, 2024 ഓ​ഗസ്റ്റിൽ സ്പേസ് എക്സ് ക്രൂ-9 ക്യാപ്സ്യൂളില്‍ വില്യംസിനേയും ബാരി വില്‍മറിനേയും തിരികെയെത്തിക്കാൻ സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ബഹിരാകാശ ഏജന്‍സി അറിയിച്ചു. സ്പേസ് എക്സ് ഡ്രാഗണില്‍ ബഹിരാകാശ യാത്ര നടത്താനിരുന്ന നാല് ക്രൂ അംഗങ്ങളിൽ രണ്ട് പേരെ നാസ മാറ്റിയിരുന്നു. പകരം, 2025 ഫെബ്രുവരിയിൽ പര്യവേഷണത്തിനൊടുവില്‍ വില്യംസിനേയും വില്‍മറിനേയും തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യം അവരെ ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ, ഡിസംബറിൽ വീണ്ടും കാലതാമസമുണ്ടായി. കാരണം, പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിൽ പ്രവർത്തിക്കാൻ സ്പേസ് എക്സിന് കൂടുതൽ സമയം ആവശ്യമായിരുന്നു. അതിനാൽ, മാർച്ച് അവസാനം വരെ സുനിതയുടെ ക്രൂവിന് ഭൂമിയിലേക്ക് മടങ്ങാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.