പ്രതീകാത്മക ചിത്രം

തേവലക്കര ∙ കോയിവിളയിൽ ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്കൂട്ടർ യാത്രക്കാർക്കു നേരെ നാടൻ ബോംബ് എറിഞ്ഞ കേസിൽ 2 പേർ അറസ്റ്റിൽ. തേവലക്കര പടിഞ്ഞാറ്റക്കര എജെ ഭവനത്തിൽ അതുൽ എന്ന അഘോരി വിഷ്ണു (24), അരിനല്ലൂർ കൊല്ലച്ചേഴത്ത് കിഴക്കേതിൽ ശ്യാം ശശിധരൻ (21) എന്നിവരെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കോയിവിള ഷാ മൻസിലിൽ ഷഹിൻഷായെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കൾ വൈകിട്ട് 3നു കോയിവിള കല്ലുംമുട് ജംക്‌ഷനിലാണു സംഭവം നടന്നത്. റോഡിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടന്നുപോയ അക്രമി സംഘം സഞ്ചരിച്ച ഇരുചക്രവാഹനം ഷെഹൻഷായും സഹോദരനും സഞ്ചരിച്ച സ്കൂട്ടറിൽ തട്ടി. ഇതു ചോദ്യം ചെയ്തതിനു പിന്നാലെ കല്ലു കൊണ്ട് ഷഹിൻഷായുടെ കവിളിൽ ഇടിച്ചു മുറിവേൽപിച്ചു. തുടർന്നു വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ കയ്യിലുണ്ടായിരുന്ന നാടൻ ബോംബ് ഇവർക്കു നേരെ എറിയുകയായിരുന്നു. രണ്ടുപേരും ഒഴിഞ്ഞു മാറിയതിനാൽ ജീവഹാനി ഉണ്ടായില്ല. വിവരം അറിഞ്ഞു പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ കടന്നുകളഞ്ഞു. മൊത്തം 4 പേരാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ ഇവരിൽ നിന്നു 4 ബോംബുകൾ കൂടി കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച ഇത് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐ സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തു തിരച്ചിൽ നടത്തി. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു എവിടെ നിന്നു ലഭിച്ചെന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്.