പ്രിയങ്കാ ഗാന്ധി രാധയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

മാനന്തവാടി : വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എം.പിയ്ക്കെതിരേ സി.പി.എം. പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി കണിയാരത്തുവെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങളുമായി എം.പിയുടെ വാഹനവ്യൂഹത്തിന് നേരെയെത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് എം.പി. വയനാട്ടിലെത്തുന്നത് എന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.

തുടര്‍ന്ന് പഞ്ചാരകൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് അവര്‍ ആശ്വസിപ്പിച്ചു. ശേഷം മരിച്ച എന്‍.എം.വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും.

യു.ഡി.എഫ് നടത്തുന്ന മലയോര സംരംക്ഷണ ജാഥയില്‍ പ്രിയങ്ക ഭാഗമാകും.സുല്‍ത്താന്‍ ബത്തേരിയിലെ ജാഥയിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൂടാതെ കളക്ടോടൊപ്പമുള്ള യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കടുവയുടെ ആക്രമണത്തെത്തുടര്‍ന്ന് കടുത്ത പ്രതിഷേധം നടന്ന സ്ഥലമായിരുന്നതിനാല്‍ പ്രിയങ്കയ്ക്ക് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.