പ്രതീകാത്മക ചിത്രം
പാലക്കാട് : റെയില്‍വേ ആശുപത്രി ജീവനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. റെയില്‍വേകോളനി സ്വദേശി വേലായുധനെയാണ് (58) ഹേമാംബികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഭാര്യ റീനയെ കറിക്കത്തിയുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. റെയില്‍വേകോളനിയിലെ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ റീനയും മക്കളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
വേലായുധന്‍ കറിക്കത്തിയുപയോഗിച്ച് ഉറങ്ങിക്കിടക്കുന്ന റീനയുടെ കഴുത്തില്‍ മുറിവേല്പിക്കയായിരുന്നെന്നാണ് പോലീസിനുനല്‍കിയ പരാതി. മുറിവേറ്റ റീന തൊട്ടടുത്തു കിടന്ന മക്കളെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന്, പോലീസിനെ വിവരമറിയിച്ചു. കഴുത്തിന് പരിക്കേറ്റ റീനയെ ഒലവക്കോട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവമുള്ളതല്ലെന്നും വേലായുധന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
