ജീവനക്കാർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം

കണ്ണൂർ ∙ പാതയോരത്തു സിപിഎം സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കിയതിന്റെ പേരിൽ പിണറായി പഞ്ചായത്ത് ഓഫിസ് ജീവനക്കാർക്കു പാർട്ടി പ്രവർത്തകരുടെ വധഭീഷണി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു പാതയോരങ്ങളിലെ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എടുത്തുമാറ്റിയത്. ഇതിന്റെ പേരിൽ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് ഓഫിസിലെത്തി കയ്യും കാലും വെട്ടുമെന്നു ഭീഷണിപ്പെടുത്തിയെന്നാണു ജീവനക്കാർ പറയുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കുന്നതു സംബന്ധിച്ചു രണ്ടു തവണ സർവകക്ഷിയോഗം വിളിച്ചു ചേർത്തിരുന്നുവെന്നും, ഹൈക്കോടതി ഉത്തരവുള്ളതിനാൽ നീക്കാൻ നിർബന്ധിതരാകുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർ പറയുന്നു. ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും ഇനിയും നീക്കിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം തടയുന്നത് ഉൾപ്പെടെ നടപടികളിലേക്കു നീങ്ങുന്ന സാഹചര്യവും മുന്നിലുണ്ട്. സിപിഎം പ്രവർത്തകരോടു പറഞ്ഞിട്ടും ബോർഡുകൾ എടുത്തുമാറ്റാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഇവ നീക്കാൻ ഉദ്യോഗസ്ഥർ തന്നെ നേരിട്ടിറങ്ങിയത്. ഇതാണു സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളെ പ്രകോപിപ്പിച്ചത്.

പഞ്ചായത്ത് ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ വായ മൂടിക്കെട്ടിയാണ് ജോലിക്ക് ഹാജരായത്. പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രതിഷേധ യോഗവും ചേർന്നു. പിണറായി പഞ്ചായത്ത് ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സിപിഎം അനുഭാവികളും ഇടത് അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവരുമാണ്. ഇക്കാര്യം ഓർമപ്പെടുത്തിക്കൊണ്ടാണു പ്രതിഷേധ യോഗത്തിൽ ജീവനക്കാർ പ്രസംഗിച്ചത്.