ഉദ്ഘാടനം നടക്കുന്ന ദെഹ്റാദൂൺ രാജീവ് ഗാന്ധി സ്റ്റേഡിയത്തിനുള്ളിലെ ദൃശ്യം
ദെഹ്‌റാദൂണ്‍ : തയ്യാറെടുപ്പുകള്‍ മുഴുവന്‍ പൂര്‍ണം. ദേശീയ ഗെയിംസിന്റെ 38 -ാം പതിപ്പിന് ചൊവ്വാഴ്ച വൈകിട്ട് ഔദ്യോഗിക തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ഗെയിംസിന്റെ മുഖ്യ വേദിയാണ് ദെഹ്‌റാദൂണ്‍ പട്ടണത്തില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെയുള്ള മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. ഇവിടെയുള്ള രാജീവ്ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.
ടീമുകള്‍ ഒന്നൊന്നായി ഇവിടേക്ക് തിങ്കളാഴ്ച തന്നെ എത്തിത്തുടങ്ങി. പരമ്പരാഗത ഗഡ് വാലി നൃത്തവും ഡോലക് വാദ്യമേളങ്ങളും അലയടിക്കുന്ന പശ്ചാത്തലത്തിലാണ് ടീമുകളെ സ്വീകരിക്കുന്നത്.
ആദ്യമായി വിരുന്നെത്തിയ ഗെയിംസ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് ഭരണകൂടം. ഉദ്ഘാടന വേദിയിലേക്കുള്ള പാതകളിലെല്ലാം വന്‍ സുരക്ഷയാണ്. വഴിയോരത്തെ ഇരുമ്പു വേലികളെല്ലാം ഹരിതവല ഉപയോഗിച്ചു മറച്ചിരിക്കുന്നു. ഗെയിംസിന്റെ പ്രചാരണാര്‍ഥം കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അവിടവിടെയായി കാണാം. വഴിയോര ചുമരുകളില്‍ വിവിധ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന വരകളുണ്ട്.
ബാസ്‌കറ്റ് ബോള്‍, അത്ലറ്റിക്സ്, വുഷു, ഷൂട്ടിങ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളെല്ലാം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഏറെ മുമ്പു തന്നെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേക്ക് വിദ്യാര്‍ഥികള്‍ അടക്കുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങി.
ഹിമാലയന്‍ താഴ്വരകളെ തഴുകിവരുന്ന കാറ്റിനിപ്പോള്‍ തണുപ്പ് അല്‍പ്പം കൂടുതലാണ്. പുലര്‍കാലത്തും വൈകീട്ടും മഞ്ഞും തണുപ്പും നമ്മെവന്ന് പൊതിയും. എന്നാല്‍, ഉത്തരാഖണ്ഡ് ഭരണകൂടം ഈ തണുപ്പിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുകയാണ്. സംസ്ഥാനം രൂപവത്കൃതമായതിന്റെ 25-ാം വര്‍ഷത്തില്‍ വിരുന്നെത്തിയ ദേശീയ ഗെയിംസ് കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണവര്‍. ഈ നാട് ദേശീയ ഗെയിംസിന് ആതിഥ്യംവഹിക്കുന്നത് ആദ്യമാണ്.
43 മത്സരയിനങ്ങള്‍, 11 വേദികള്‍, 28 സംസ്ഥാനങ്ങളില്‍നിന്നും എട്ട് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സര്‍വീസസ് ബോര്‍ഡില്‍നിന്നുമായി പതിനായിരത്തോളം കായികതാരങ്ങള്‍. ഇനി ഇന്ത്യന്‍ യുവജനതയുടെ കായികക്കരുത്ത് മാറ്റുരയ്ക്കുന്ന 17 ദിവസങ്ങള്‍.
ബാഡ്മിന്റണ്‍ താരം ലക്ഷ്യസെന്‍ ദീപശിഖ, പ്രധാനമന്ത്രിക്ക് കൈമാറും. 3000 പേര്‍ അണിനിരക്കുന്ന കലാപരിപാടികളുമുണ്ടാകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയ ഗെയിംസിലെ 29 ഇനങ്ങളിലായി കേരളത്തിനുവേണ്ടി ഇറങ്ങുന്നത് 437 കായികതാരങ്ങള്‍. ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ നീന്തല്‍ത്താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യന്‍ സേവ്യര്‍ കേരളസംഘത്തെ നയിക്കും. അന്താരാഷ്ട്ര ബാസ്‌കറ്റ്ബോള്‍ താരം പി.എസ്. ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തും. തിങ്കളാഴ്ച ദെഹ്റാദൂണിലെത്തിയ കേരള ബാസ്‌കറ്റ്ബോള്‍ ടീമിനെ പരമ്പരാഗത ഗഡ്വാലി നൃത്തത്തോടെ സ്വീകരിച്ചു.
