പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ ഏഴുലക്ഷത്തിലധികം രൂപ വിലവരുന്ന സൗന്ദര്യവര്‍ധന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

മൂന്നാം ഘട്ടം പരിശോധന ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ശരീരത്തിനു ഹാനികരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പന്നങ്ങള്‍ മതിയായ ലൈസന്‍സോടുകൂടി നിര്‍മിച്ചതാണോയെന്നും നിര്‍മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ലേബല്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. പരാതികള്‍ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണം.