അസ്മത്തുള്ള ഒമർസായ്, സ്മൃതി മന്ദാന | PTI, ANI

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യുടെ പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. 13 ഏകദിന ഇന്നിങ്‌സുകളില്‍നിന്നായി 747 റണ്‍സ് നേടിയാണ് സ്മൃതി 2024-ലെ ഏറ്റവും മികച്ച താരമായത്. ലോറ വോള്‍വാര്‍ട്ട് (697), താമി ബെമൗണ്ട് (554), ഹീലി മാത്യൂസ് (469) എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തലപ്പത്തെത്തിയത്.

സ്മൃതി 2018-ലും ഐ.സി.സി.യുടെ കണക്കിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സ്മൃതി നേടുന്ന ഏറ്റവും വലിയ റണ്‍സാണ് 2024-ലേത്. ഇതില്‍ നാല് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണില്‍ അടുപ്പിച്ച് രണ്ട് മത്സരങ്ങളിലെ സെഞ്ചുറി, മൂന്നാം മത്സരത്തില്‍ സെഞ്ചുറിക്കടുത്തുവരെയെത്തിയ ബാറ്റിങ് (90 റണ്‍സ്) ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ സ്മൃതിക്ക് കരുത്തായി. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയും സെഞ്ചുറി നേടി.

അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍. കഴിഞ്ഞവര്‍ഷം ഏകദിനത്തിലും ടി20-യിലുമെല്ലാം ഒമര്‍സായ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ടി20 ലോകകപ്പില്‍ അഫ്ഗാന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഒമര്‍സായ് തന്നെ. 14 ഏകദിനങ്ങളില്‍നിന്നായി 417 റണ്‍സാണ് ഒമര്‍സായിയുടെ സമ്പാദ്യം. കൂടാതെ 17 വിക്കറ്റുകളും നേടി. ഒമര്‍സായ്‌യുടെ ഓള്‍റൗണ്ടിങ് മികവില്‍ അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരേ പരമ്പര നേടാന്‍ അഫ്ഗാന് കഴിഞ്ഞു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് 2024-ലെ ഐ.സി.സി. പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹനായത്. 13 മത്സരങ്ങളില്‍നിന്ന് 357 ഓവറില്‍ 71 വിക്കറ്റുകളാണ് ബുംറയുടെ നേട്ടം. ഇതില്‍ 32 വിക്കറ്റുകളും ഓസ്‌ട്രേലിയക്കെതിരെയാണ് നേടിയത്. പുരുഷ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി ഇന്ത്യയുടെ തന്നെ അര്‍ഷ്ദീപ് സിങ്ങിനെയും തിരഞ്ഞെടുത്തു. 2024-ലെ ടി20 ലോകകപ്പ് നേട്ടമുള്‍പ്പെടെ അര്‍ഷ്ദീപിന് തുണയായി. 18 മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്.