അൽത്താഫ് അസീസ്, ആദിൽ അസീസ്, ഹൈദ്രോസ്, ഫസിൽ, മുഹമ്മദ് അമൽ, മുഹമ്മദ് ആരിഫ് ഖാൻ, സിജോ ജോസ്
ആലുവ : ആലുവയില്‍ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി റൂറല്‍ ജില്ലാ പോലീസ്. കര്‍ണാടകയില്‍ നിന്നുള്ള ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴുപേരാണ് പിടിയിലായത്. ആലുവ മണലിമുക്ക് പുത്തന്‍പുരയില്‍ അല്‍ത്താഫ് അസീസ് (28), പുത്തന്‍പുരയില്‍ ആദില്‍ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂര്‍ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ് കടുങ്ങല്ലൂര്‍ മൂത്തേടത്ത് ഫസില്‍ (37), മണലിമുക്ക് പുത്തന്‍പുരയില്‍ മുഹമ്മദ് അമല്‍ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂര്‍ ചിറമൂരിയില്‍ മുഹമ്മദ് ആരിഫ് ഖാന്‍ (33), മുപ്പത്തടം കടുങ്ങല്ലുര്‍ ചെറുകടവില്‍ സിജോ ജോസ് (37) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. മൂന്നു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ മുന്‍വശത്തുനിന്ന് ഇവര്‍ ഗോമയ്യയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോയത്. സംഭവം കണ്ട ലോട്ടറി വില്‍പ്പനക്കാരനായ ശശി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം ടൗണും പരിസരവും വളഞ്ഞ് പരിശോധന നടത്തി. തുടര്‍ന്ന് ഉളിയന്നൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് ഗോമയ്യയെ കണ്ടെത്തി.
കഴിഞ്ഞ ഡിസംബറില്‍ വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ അടക്കമുള്ള കര്‍ണാടക സ്വദേശികള്‍ കബളിപ്പിച്ചതായി പിടിയിലായ അല്‍ത്താഫ് പറഞ്ഞു. ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നു പറഞ്ഞാണ് അന്ന് സമീപിച്ചത്. മൂന്നു ലക്ഷം നല്‍കി സ്വര്‍ണം വാങ്ങി. പിന്നീടാണിത് പിച്ചളയാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് സ്വര്‍ണം ആവശ്യമുണ്ടെന്നു പറഞ്ഞ് വേറെ ഒരാളെക്കൊണ്ട് ഗോമയ്യയെയും സുഹൃത്തിനെയും ആലുവയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവരെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ മോര്‍ച്ചറിക്ക് സമീപം എത്തിച്ചു. അവിടെ വെച്ച് ബലമായി മറ്റൊരു വാഹനത്തില്‍ കയറ്റി. ഇതിനിടെ ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
വാഹനത്തില്‍ പോകുമ്പോള്‍ത്തന്നെ ഗോമയ്യയുടെ ഫോണ്‍ വാങ്ങി സംഘം ഇയാളുടെ അച്ഛനുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപ തന്നില്ലെങ്കില്‍ മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പോലീസില്‍ വിവരം കിട്ടിയ ഉടനെ രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണമാരംഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
