Photo: PTI

ചെന്നൈ : ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് ടീം ഇന്ത്യയ്ക്കായി തകര്‍പ്പന്‍ കളി പുറത്തെടുക്കുന്ന താരമാണ് തിലക് വര്‍മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20- യിലും ഇന്ത്യയുടെ വിജയശില്‍പിയായതും തിലക് തന്നെ. മത്സരത്തില്‍ 55 പന്തില്‍ നിന്ന് പുറത്താകൊ 72 റണ്‍സെടുത്ത താരം ടി20 ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡും സ്വന്തമാക്കി. രാജ്യാന്തര ടി20-യില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് തിലകിന് സ്വന്തമായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ക്വബേഹയില്‍ നടന്ന ടി20-യില്‍ പുറത്തായതിനു ശേഷമുള്ള നാല് ടി20 ഇന്നിങ്‌സുകളിലും തിലക് നോട്ടൗട്ടാണ്. 107, 120, 19, 72 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. പുറത്താകാതെ തുടര്‍ച്ചയായി അടിച്ചെടുത്തത് 318 റണ്‍സ്. പുറത്താകാതെ തുടര്‍ച്ചയായി 271 റണ്‍സെടുത്ത (65, 16, 71, 104, 15) ന്യൂസീലന്‍ഡ് താരം മാര്‍ക്ക് ചാപ്മാന്റെ റെക്കോഡാണ് തിലക് മറികടന്നത്. ഇതോടൊപ്പം ടി20 ക്രിക്കറ്റില്‍ ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളില്‍ പുറത്താകാതെ 300-ലേറെ റണ്‍സടിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡും തിലക് സ്വന്തമാക്കി. 240 റണ്‍സുമായി (68, 172) മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് പട്ടികയില്‍ മൂന്നാമത്. 240 റണ്‍സുമായി (57, 74, 73, 36) ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും ഫിഞ്ചിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്. തുടര്‍ച്ചയായി 239 റണ്‍സെടുത്ത (100, 60, 57, 2, 20) ഡേവിഡ് വാര്‍ണറാണ് തൊട്ടുപിന്നില്‍.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്നതുമുതലാണ് (107, 120) തിലകിന്റെ റെക്കോഡ് തുടങ്ങുന്നത്. പിന്നാലെ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ പുറത്താകാതെ 19 റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ 55 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സുമടക്കം 72 റണ്‍സോടെയും പുറത്താകാതെ നിന്നു.