ജസ്പ്രീത് ബുമ്ര
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്രയ്ക്ക്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറാണു ബുമ്ര. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഗംഭീര പ്രകടനമാണ് കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ബുമ്രയ്ക്കു നേടിക്കൊടുത്തത്. പരുക്കു കാരണം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നീണ്ട കാലം വിട്ടുനിന്ന ബുമ്ര, 2023 അവസാനത്തോടെയാണു മടങ്ങിയെത്തിയത്. ഇന്ത്യയിൽ നടന്ന ബംഗ്ലദേശ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ പരമ്പരകള്‍ നേടുന്നതിൽ ബുമ്രയുടെ പ്രകടനം നിർണായകമായതായി ഐസിസി വിലയിരുത്തി.
ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും നടന്ന പരമ്പരകളിലും ബുമ്ര അവസരത്തിനൊത്ത് ഉയര്‍ന്നതായാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം കളിച്ച 13 മത്സരങ്ങളിൽനിന്ന് 71 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗുസ് അറ്റ്കിൻസന് 11 കളികളിൽനിന്ന് 52 വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. ഒരു കലണ്ടർ വർഷത്തിൽ 70ന് മുകളിൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര. കപിൽ ദേവ്, അനിൽ കുംബ്ലെ, ആർ. അശ്വിൻ എന്നിവർ മാത്രമാണു മുൻപ് ഈ നേട്ടത്തിലെത്തിയത്.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽനിന്ന് ബുമ്രയ്ക്കൊപ്പം യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയും ഇടം നേടി. ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ പാറ്റ് കമിൻസ് നയിക്കുന്ന ടീമിൽ ഇംഗ്ലണ്ടിൽനിന്നാണു കൂടുതൽ താരങ്ങൾ, നാലു പേര്‍. പാക്കിസ്ഥാനിൽനിന്ന് ആരും ടെസ്റ്റ് ടീമിൽ ഇല്ല.
ഐസിസി ടെസ്റ്റ് ടീം ഓഫ് ദ് ഇയർ– യശസ്വി ജയ്സ്വാൾ, ബെൻ ഡക്കറ്റ്, കെയിൻ വില്യംസൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ജസ്പ്രീത് ബുമ്ര.
