ഡോ.മാത്യു വർഗീസ്
കോട്ടയം ∙ പ്രശസ്ത സർജനും കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ (94) അന്തരിച്ചു. മുന്നൂറോളം പാൻക്രിയാറ്റിക് സർജറികൾ ചെയ്തിട്ടുള്ള ഡോ. മാത്യുവാണ് ലോകത്താദ്യമായി ട്രോപിക്കൽ കാൽകുലസ് ഓഫ് പാൻക്രിയാറ്റെറ്റിസ് എന്ന രോഗാവസ്ഥയെപ്പറ്റി ഒരു ശാസ്ത്രീയ പ്രബന്ധമവതരിപ്പിച്ചത്. തിങ്കൾ വൈകിട്ട് 3 മുതൽ ചൊവ്വ രാവിലെ 10 വരെ ഗാന്ധിനഗർ ചെമ്മനംപടിയിലെ വസതിയിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് മൂന്നിന് പത്തനംതിട്ട അയിരൂരിലെ ശാലോം മാർത്തോമ പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം നടക്കും.
പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ കുരുടാമണ്ണിലായിരുന്നു ഡോ. മാത്യുവിന്റെ കുടുംബം. പിതാവ് പ്രഫസറായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് മാത്യുവിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. 1947 ൽ മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും സർജറിയിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും നേടിയ ശേഷം തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി സർക്കാർ സർവീസിൽ ചേർന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി എഫ്ആർസിഎസ് നേടി. തിരിച്ചെത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്കു ചേർന്നു. അതിനു ശേഷം അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽനിന്ന് ഉന്നത ബിരുദം നേടി. 1963 മുതൽ 1986 ൽ വിരമിക്കുന്നതു വരെ കോട്ടയം ഗവ.മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വിഭാഗം മേധാവി അടക്കമുള്ള ചുമതലകൾ വഹിച്ചു.
കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആർപ്പൂക്കരയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിവേഗം തീരുമാനങ്ങളെടുക്കാനുള്ള ഡോക്ടറുടെ കഴിവ് പ്രസിദ്ധമാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടായിരിക്കെ അതു പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ പ്രഫസർ എമിരറ്റ്സ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിൽനിന്നു പ്രസിദ്ധീകരിച്ച, ‘പാൻക്രിയാസ് രോഗവിവരങ്ങളുടെ ബൈബിൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘സർജിക്കൽ ഡിസീസസ് ഓഫ് ദ പാൻക്രിയാസ്’ എന്ന പുസ്തകത്തിൽ ഡോ.മാത്യുവിന്റെ പ്രബന്ധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: കുമ്മനം പൊന്നാറ്റ് വീട്ടിൽ മേരി മാത്യു. മക്കൾ: മാത്യു വർഗീസ് (എൻജിനീയർ യുഎസ്), ഡോ.മാത്യു കുര്യൻ (ഇഎൻടി സർജൻ, യുകെ), ഡോ. മാത്യു ജോർജ് (സർജൻ, യുഎസ്), ഡോ. ജോൺ മാത്യു (സർജൻ, യുകെ).
മരുമക്കൾ: അനുപ വർഗീസ് (ആർക്കിടെക്ട്, യുഎസ്), ഡോ.മിനി കുര്യൻ (പാതോളജിസ്റ്റ്, യുകെ), സാറ വർഗീസ് (ബിസിനസ് അഡ്മിനിസ്ട്രേറ്റർ യുഎസ്), ഡോ. ഷേമ ഉമ്മൻ (ഡെന്റൽ ഡോക്ടർ യുകെ).
