യാനിക് സിന്നർ | AFP
മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ 6-3, 7-6 (4), 6-3 എന്ന സ്‌കോറിന് തകര്‍ത്തു. മൂന്ന് സെറ്റുകളും നേടി സിന്നറിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഫൈനലില്‍ കണ്ടത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായി രണ്ടുതവണ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നര്‍. 1992-93ല്‍ ജിം കൊറിയറാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയ ഏറ്റവും പ്രായംകുറഞ്ഞ താരം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിലനിര്‍ത്തുന്ന 11-ാമത്തെ പുരുഷ ടെന്നീസ് താരവുമാണ് സിന്നര്‍. കഴിഞ്ഞവര്‍ഷം റഷ്യയുടെ ദാനില്‍ മെദ്‌വദേവിനെ തകര്‍ത്തായിരുന്നു സിന്നറിന്റെ കിരീട ധാരണം.
നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഇരുപത്തേഴുകാരനായ അലക്‌സാണ്ടര്‍ സ്വരേവ്. 2019-ല്‍ ജോക്കോവിച്ച് നദാലിനെ തകര്‍ത്ത് കിരീടം നേടിയ ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് ലോക ഒന്നാം നമ്പര്‍ താരവും രണ്ടാം നമ്പര്‍ താരവും തമ്മില്‍ പുരുഷ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ സെര്‍ബ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ഇടതുകാലിലെ പേശിക്ക് പരിക്കേറ്റ് പിന്‍വാങ്ങിയതോടെ സ്വരേവ് ഫൈനല്‍ യോഗ്യത നേടുകയായിരുന്നു. സ്വരേവിനെതിരായ കളിയില്‍ ഒരു സെറ്റ് നഷ്ടമായതിനുശേഷമാണ് ജോക്കോവിച്ച് മടങ്ങിയത്. സിന്നര്‍ അമേരിക്കയുടെ 21-ാം സീഡ് ബെന്‍ ഷെല്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനല്‍ പ്രവേശം നേടിയത്.
