കിടങ്ങന്നൂർ കനാൽ, വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തപ്പോൾ

പത്തനംതിട്ട : കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ കനാലില്‍ കാണാതായ അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കനാലില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍.

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ കിടങ്ങന്നൂര്‍ വില്ലേജ് പടി ഭാഗത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ ഭാഗത്ത് നിന്ന് 200 മീറ്ററോളം അകലെയുണ്ടായിരുന്ന മൃതദേഹങ്ങള്‍ സ്‌കൂബാ ടീം അംഗങ്ങളാണ് കണ്ടെടുത്തത്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച അഭിരാജ് മെഴുവേലി സ്വദേശിയും അനന്തുനാഥ് കാരിത്തോട്ട സ്വദേശിയുമാണ്. ഇരുവരും കിടങ്ങന്നൂര്‍ എസ്ബിജിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ്.

പുറത്തുപോയ വിദ്യാര്‍ഥികളെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ കുട്ടികളിലൊരാളുടെ വസ്ത്രങ്ങള്‍ കനാല്‍ക്കരയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും ഒഴുക്കില്‍പ്പെട്ടെന്നും സ്ഥിരീകരണം വന്നത്. ശനിയാഴ്ച വൈകുന്നേരം തന്നെ തിരച്ചിലാരംഭിച്ചിരുന്നെങ്കിലും കനാലിലെ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ കണ്ടെത്താനായില്ല. ഞായറാഴ്ച കനാലിന്റെ അളവ് കുറച്ചതിനു ശേഷം ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ ലഭിക്കുന്നത്.