Axel Rudakubana: Photo: https://www.merseyside.police.uk/

ലണ്ടന്‍ : ബ്രിട്ടനിലെ തീരദേശപട്ടണമായ സൗത്ത്‌പോര്‍ട്ടില്‍ കുട്ടികളുടെ നൃത്തപരിശീലന ക്യാംപില്‍ അതിക്രമിച്ച് കയറി മൂന്ന് പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തിയ പതിനെട്ടുകാരന് 52 വര്‍ഷം തടവ്. ആറിനും ഒൻപതിനും ഇടയില്‍ പ്രായമുള്ള ബ്രിട്ടീഷുകാരായ മൂന്ന് പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. എട്ട് കുട്ടികള്‍ക്കും രണ്ട് പരിശീലകര്‍ക്കും പരുക്കേറ്റു. കുറ്റകൃത്യം നടത്തുമ്പോള്‍ ഇയാള്‍ക്ക് 17 വയസ്സ് തികഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളുടെ പേര് പുറത്ത് വിട്ടിരുന്നില്ല. വെയ്ല്‍സില്‍ ജനിച്ച അക്‌സെല്‍ റുഡകുബാനയാണ് പ്രതിയെന്ന് പിന്നീട് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

പൈശാചികം എന്നതിലപ്പുറം മറ്റൊന്നും പറനായില്ലെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ജഡ്ജി ജൂലിയന്‍ ഗൂസ് പറഞ്ഞു. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ഇയാള്‍ക്ക് കുറ്റകൃത്യ വാസനയുണ്ടായിരുന്നു. സ്‌കൂളില്‍ സഹപാഠികളെ ഉപദ്രവിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കത്തി കൊണ്ടുപോയതിന് അയാളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീടും ഒരുപാട് അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടു. ഇയാളെ നേര്‍വഴിയ്ക്ക് നടത്താനാകാത്തത് സാമൂഹ്യവ്യവസ്ഥയുടെ പരാജയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജൂലൈ 29 നാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. 26 കുട്ടികള്‍ പങ്കെടുത്തിരുന്ന ഡാന്‍സ് ക്ലാസില്‍ ഇയാള്‍ അതിക്രമിച്ച് കയറുകയായിരുന്നു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് കുട്ടികളുടെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. റുവാണ്ടയില്‍ നിന്ന് കുടിയേറിയതാണ് പ്രതിയുടെ കുടുംബം. ഇയാള്‍ വെയ്‌സിലാണ് ജനിച്ചത്.