ജിനൂപ്, പദ്മനാഭൻ, പ്രതീകാത്മക ചിത്രം
നടുവിൽ (കണ്ണൂർ) : വലിയരീക്കമലയിലെ ചപ്പിലി അനീഷിനെ (42) കൊന്നത് ഉലക്കകൊണ്ടടിച്ച്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ബന്ധുവായ ജിനൂപാണ് (25) തലയുടെ പിൻഭാഗത്ത് അടിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും തലയുടെ പിൻഭാഗത്തേറ്റ കനത്ത അടിയാണ് മരണകാരണം എന്ന് പറയുന്നുണ്ട്. ഞായറാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ജിനൂപിനെയും അച്ഛൻ പദ്മനാഭനെയും (54) ചോദ്യം ചെയ്യലിനെ തുടർന്ന് അർധരാത്രിയോടെ അറസ്റ്റ് ചെയ്തു.
കൊലയ്ക്കുപയോഗിച്ച ഉലക്കയും വീട്ടിനുള്ളിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടായി മദ്യമുണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. സംഭവം നടന്ന ദിവസം അനീഷും ജിനൂപും തമ്മിൽ വാക്കുതർക്കം നടന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് കൊലയ്ക്ക് കാരണമായത്. 2015-ൽ ചാരായ റെയ്ഡിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിയിടുകയും തടയുകയും ചെയ്തതിന് അനീഷ്, അനീഷിന്റെ പിതാവ് കുഞ്ഞിരാമൻ, ജിനൂപ് എന്നിവരുടെ പേരിൽ കേസുണ്ട്. ഇതിന്റെ വിചാരണ കോടതിയിൽ നടന്നുവരികയാണ്. വിചാരണസമയത്ത് ജിനൂപ് ഹാജരാവാത്തതിനാൽ കേസ് നീണ്ടുപോകുകയാണ്. ഇക്കാര്യം പറഞ്ഞാണ് ജിനൂപും അനീഷും കലഹിച്ചത്.
വലിയരീക്കമലയിൽ കൊല്ലപ്പെട്ട അനീഷും പ്രതികളായ പദ്മനാഭനും ജിനൂപും ബന്ധുക്കൾ. അനീഷിന്റെ അച്ഛൻ കുഞ്ഞിരാമന്റെ ജ്യേഷ്ഠനാണ് പദ്മനാഭന്റെ അച്ഛൻ ചപ്പിലി ചാരൻ. ഇദ്ദേഹം ജീവിച്ചിരിപ്പില്ല. അനീഷിന്റെ വീട്ടിൽനിന്ന് 300 മീറ്റർ ദൂരമേ മരണപ്പെട്ട വീട്ടിലേക്കുള്ളൂ. സംഭവം നടക്കുമ്പോൾ മൂന്നുപേരും മദ്യലഹരിയിലായിരുന്നു.
കൊല നടന്ന് 24 മണിക്കൂറിനകം പ്രതികളെ പിടിച്ച് പോലീസ്. മരണത്തിൽ ദുരൂഹത ഉണ്ടായിരുന്നതിനാൽ ഞായറാഴ്ച രാവിലെതന്നെ ജിനൂപിനെയും അച്ഛൻ പദ്മനാഭനെയും പോലീസ്, കുടിയാന്മല സ്റ്റേഷനിൽ എത്തിച്ചു.ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.ഐ. ബിജോയ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐമാരായ പി.പി. രതീശൻ, മുസ്തഫ, സി.പി.ഒ.മാരായ ടി.വി. മഹേഷ്, മുഹമ്മദ് നജീബ്, പി.വി. സുജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
രാത്രിയിൽ കൊല്ലപ്പെട്ടു, പുറത്തറിഞ്ഞത് പിറ്റേന്ന് രാവിലെ
ശനിയാഴ്ച രാത്രി ഒൻപതിന് അനീഷ് അടിയേറ്റ് മരിച്ചുവെങ്കിലും സംഭവം പുറത്തറിഞ്ഞത് പിറ്റേന്ന് രാവിലെ. തലയിൽനിന്ന് രക്തം വാർന്ന് വീട്ടുവരാന്തയിൽ തുണിവിരിച്ച് കിടന്നനിലയിലായിരുന്നു അനീഷ്. തലയ്ക്ക് തോർത്തുകൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു.രക്തം നിലയ്ക്കാൻ പദ്മനാഭനാണ് ഈ തോർത്തുകെട്ടിയത്. പരിക്ക് സാരമുള്ളതല്ല എന്നു കരുതി തങ്ങൾ കതകടച്ച് ഉറങ്ങുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മരണപ്പെട്ട വിവരം രാവിലെയാണ് ഇവരും അറിഞ്ഞത്.
