പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. രഹസ്യസര്‍വേയെക്കുറിച്ച് വിവരം ലഭിച്ച എ.ഐ.സി.സി. വിഷത്തില്‍ ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ സര്‍വേ നടത്തിയിട്ടില്ലെന്നാണ് സതീശന്റെ ക്യാമ്പ് വിശദീകരിക്കുന്നത്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സതീശന്‍പക്ഷം വ്യക്തമാക്കുന്നത്.
കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞ 63 നിയമസഭാ സീറ്റുകളാണ് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നായിരുന്നു സതീശന്റെ നിര്‍ദേശം. ആ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും അവിടുത്തെ സോഷ്യല്‍ എന്‍ജിനീയറിങ് ശക്തമാക്കണമെന്നും സതീശന്‍ വിശദീകരിച്ചിരുന്നു.
സാധാരണനിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പിനും മുന്നോടിയായി കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇത്തരത്തില്‍ സര്‍വേ നടത്തുന്നത്. സര്‍വേ നടത്തി വിജയസാധ്യയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം വിജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. അതിന് ശേഷം അവിടം കേന്ദ്രീകരിച്ചാണ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇതോടെ പ്രസംഗത്തില്‍ ഇടപെട്ട് എ.ഐ.സി.സി. അംഗം എ.പി.അനില്‍കുമാര്‍ സംസാരിക്കുകയായിരുന്നു. 63 മണ്ഡലങ്ങള്‍ സതീശന്‍ ഒറ്റക്ക് എങ്ങനെ തീരുമാനിച്ചു എന്നായിരുന്നു അനില്‍ കുമാറിന്റെ ചോദ്യം. അതോടൊപ്പം വിഷയത്തിലുള്ള അൃപ്തിയും അവര്‍ അറിയിച്ചു. അതോടെ സതീശന്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗം പൂര്‍ത്തീകരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
ഇതോടെയാണ് വി.ഡി. സതീശന്റെ ഭാഗത്ത് നിന്ന് ഒരു സമാന്തര സര്‍വേ ഉണ്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്. സതീശന്‍ സര്‍വേ നടത്തുന്നു എന്ന വിവരം ദേശീയ നേതൃത്വത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ എ.ഐ.സി.സി. ഇടപെട്ടത്. എന്നാല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വ്യക്തമാക്കിയതെന്നുമാണ് സതീശന്‍ ക്യാമ്പ് വിശദീകരിക്കുന്നത്.
