മുഹമ്മദ് ഷഹീൻ ഷാ

തൃശ്ശൂര്‍ : ജയിലിനു മുന്നിലും റീല്‍സ് ചിത്രീകരണവുമായി മണവാളന്‍ വ്‌ലോഗ്‌സ് യു ട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ഷാ. വിദ്യാര്‍ഥികളെ കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഷഹീന്‍ഷായെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോഴാണ് സുഹൃത്തുക്കളെക്കൊണ്ട് റീല്‍സ് ചിത്രീകരിപ്പിച്ചത്. ശക്തമായി തിരിച്ചുവരുമെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കുടകില്‍വെച്ച് വെസ്റ്റ് പോലീസിന്റെ പിടിയിലായ ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 19-ന് കേരളവര്‍മ കോളേജിനു സമീപമാണ് ഷഹീന്‍ഷായും സംഘവും വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കാര്‍ വരുന്നതുകണ്ട് ഇവര്‍ ബൈക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റു.