പ്രതീകാത്മക ചിത്രം

ബെംഗളൂരു : കര്‍ണാടകയിലെ കെ.ആര്‍ മാര്‍ക്കറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി പതിനൊന്നരയോടെ കെ.ആര്‍ മാര്‍ക്കറ്റിന് സമീപത്ത് എസ്.ജെ പാര്‍ക്കില്‍ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് 37 വയസ്സുള്ള യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബസ് സമയത്തെ കുറിച്ച് യുവതി പ്രതികളോട് ചോദിച്ചിരുന്നു. ബസ് സ്‌റ്റോപ്പ് മറ്റൊരിടത്താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികള്‍ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം യുവതിയുടെ പണവും ഫോണും ആഭരണങ്ങളും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

ബംഗളൂരു സെന്‍ട്രല്‍ ഡിവിഷനിലെ വിമന്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗണേഷ്(23), ശ്രാവണ്‍(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.