നൊവാക് ജോക്കോവിച്ച് | Photo:AFP
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ആരാധകർ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ സെമി ബെർത്ത് ഉറപ്പിച്ച് സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച്. ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്കായിരുന്നു സ്പെയിനിന്റെ കാർലോസ് അൽക്കരാസിനെ ജോക്കോവിച്ച് വീഴ്ത്തിയത്. സ്കോർ:(4-6, 6-4, 6-3, 6-4).
ആദ്യ സെറ്റ് കൈവിട്ടതിന് ശേഷമായിരുന്നു 37-കാരനായ ജോക്കോവിച്ചിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ്. മൂന്ന് മണിക്കൂറും 37 മിനിറ്റും ക്വാർട്ടർ പോരാട്ടം നീണ്ടു. ഇതോടെ, 25-ാം ഗ്രാൻസ്ലാം കിരീടമെന്ന് റെക്കോഡിലേക്ക് ജോക്കോവിച്ച് ഒരുചുവടുകൂടെ അടുത്തു. ജർമനിയുടെ രണ്ടാം സീഡ് അലക്‌സാണ്ടർ സ്വരേവാണ് സെമിയിൽ സെർബിയൻ ജോക്കോവിച്ചിന്റെ എതിരാളി. താരത്തിന്റെ 50-ാം ഗ്രാൻസ്ലാം സെമി ഫൈനലാണിത്.
കഴിഞ്ഞ രണ്ട് വിംബിൾഡൺ ഫൈനലുകളിലും ജോക്കോവിച്ചിനെ തോൽപ്പിച്ചായിരുന്നു അൽക്കരാസ് കിരീടംചൂടിയത്. എന്നാൽ, ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ച് കരിയർ ഗ്രാൻസ്ലാം പൂർത്തിയാക്കാനുള്ള താരത്തിന്റെ മോഹം സാധ്യമാകാൻ ഇനിയും കാത്തിരിക്കണം.
