ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ | Photo : Swapan Mahapatra/ PTI
കൊല്‍ക്കത്ത : ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച വൈകീട്ട് ഏഴിന് തുടങ്ങും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ മുഖം വീണ്ടെടുക്കാനാണ് പുതിയ പരമ്പരയ്ക്കിറങ്ങുന്നത്. അതുകൊണ്ട് കോച്ച് ഗൗതം ഗംഭീറിനും ജയം അനിവാര്യമാണ്. ടീമിലുള്ളതോ, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ടുകാരും. 2024 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ആദ്യം.
‘അഗ്രസീവ്’ ക്രിക്കറ്റിന്റെ ആശാനാണ് ബ്രെണ്ടന്‍ മക്കെല്ലം. ന്യൂസീലന്‍ഡിന്റെ മുന്‍താരമായ മക്കെല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി എത്തിയപ്പോഴും ആക്രമണനയം മാറ്റിയില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മക്കെല്ലം കോച്ചായശേഷം ഇംഗ്ലണ്ട് ടീമിന്റെ ആദ്യമത്സരം ഇന്ത്യക്കെതിരേ. ഇപ്പുറത്ത് ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീര്‍ അഗ്രസീവ്നെസില്‍ മക്കെല്ലത്തെ തോല്‍പ്പിക്കും. അതുകൊണ്ടുതന്നെ ബുധനാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ആവേശം കനക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഇത് ട്വന്റി 20 പരമ്പരയാണെങ്കിലും അടുത്തമാസം പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പാണ് ഈ മത്സരങ്ങള്‍. അഞ്ച് ട്വന്റി 20 കഴിഞ്ഞ് ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയുമുണ്ട്. ഇതുരണ്ടും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള റിഹേഴ്സലാകും. ടി 20 പരമ്പരയില്‍ കളിക്കുന്ന മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ട്.
2023 ഏകദിന ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് അതിനുശേഷം ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ആ ലോകകപ്പില്‍ 24 വിക്കറ്റുമായി തിളങ്ങിയ 34-കാരന് കരിയറിലെ പ്രധാനപ്പെട്ട ഒരുവര്‍ഷം നഷ്ടമായി. ഈ പരമ്പരയിലൂടെ ഫോമും ഫിറ്റ്നസും തെളിയിച്ച് ചാമ്പ്യന്‍സ് ട്രോഫിയിലും ഇടം ഉറപ്പാക്കുകയെന്ന വെല്ലുവിളി ഷമിയുടെ മുന്നിലുണ്ട്. ജസ്പ്രീത് ബുംറ ഇല്ലാത്തതിനാല്‍ പേസ് വിഭാഗത്തിന്റെ നേതൃത്വം ഷമിക്കായിരിക്കും.
കുറച്ചുകാലമായി ട്വന്റി 20 ടീമിനെ നയിക്കുന്ന സൂര്യകുമാര്‍ യാദവാണ് ഈ പരമ്പരയിലും നായകന്‍. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പുതുതായി എത്തിയ അക്സര്‍ പട്ടേലിനും തന്റെ മികവ് തെളിയിക്കണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേനടന്ന ഇന്ത്യയുടെ അവസാനത്തെ ടി 20-യില്‍ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ചെയ്തത്. ഇംഗ്ലണ്ടിനെതിരേയും ഈ കൂട്ടുകെട്ട് തുടരും. ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന് തന്റെ അര്‍ഹത തെളിയിക്കാനുള്ള അവസരംകൂടിയാകും ഈ പരമ്പര.
ബാറ്റിങ്ങില്‍ മൂന്നുമുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍ ആര്‍ക്കും സ്ഥിരമായ സ്ഥാനമുണ്ടാകില്ലെന്ന് അക്സര്‍ പട്ടേല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോസ് ബട്ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമും ചാമ്പ്യന്‍സ് ട്രോഫി കണക്കാക്കി പ്രധാന ടീമിനെത്തന്നെയാണ് കളത്തിലിറക്കുന്നത്. ഹാരി ബ്രൂക്, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ജോഫ്രെ ആര്‍ച്ചര്‍, ബെന്‍ ഡക്കറ്റ്, ആദില്‍ റഷീദ്, മാര്‍ക് വുഡ് തുടങ്ങിയ പ്രമുഖര്‍ സംഘത്തിലുണ്ട്.
