സഞ്ജു സാംസണും സൂര്യകുമാർ യാദവും
കൊൽക്കത്ത ∙ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള പിന്തുണ സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും ഇടമില്ലെന്നും, അത് സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു. മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ്, വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന വാക്കുകളോടെ സൂര്യ സഞ്ജുവിനുള്ള ഉറച്ച പിന്തുണ പരസ്യമാക്കിയത്.
‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും ഇടമില്ല. കഴിഞ്ഞ 7–8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു സാംസണിന്റേത്. തനിക്ക് എന്തൊക്കെ സാധ്യമാകുമെന്ന് ഇതിനകം സഞ്ജു തെളിയിച്ച് കഴിഞ്ഞതാണ്’ – ഒരു ചോദ്യത്തോട് പ്രതികരിക്കുമ്പോൾ സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ യാദവ് മലയാളി താരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന ട്വന്റി20 പരമ്പരകളിൽ സഞ്ജു എന്തായാലും കളിക്കുമെന്ന് സൂര്യകുമാർ യാദവ് നേരത്തേ തന്നെ ഉറപ്പു നൽകിയിരുന്നതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു.
ഒന്നോ രണ്ടോ കളികളിൽ പ്രകടനം അൽപം മോശമായാലും ടീമിൽ ഇടമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതോടെ, തനതു ശൈലിയിൽ സ്വാതന്ത്ര്യത്തോടെ കളിച്ച സഞ്ജു, ഇരു പരമ്പരകളിൽ നിന്നുമായി അടിച്ചുകൂട്ടിയത് മൂന്നു സെഞ്ചറികളാണ്. 2024ൽ ഇന്ത്യൻ താരങ്ങളിൽ രാജ്യാന്തര ട്വന്റി20യിൽ വിക്കറ്റ് വേട്ടയിലെ ഒന്നാമനും സഞ്ജുവായിരുന്നു.
കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ വിരമിച്ചതോടെ, ട്വന്റി20യിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കുന്നുണ്ട്. അതിനു ശേഷം 12 കളികളിൽനിന്ന് 42.81 ശരാശരിയിൽ 471 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. അതും 189.15 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ.
