അൽ സാബിത്ത്

ചേലക്കര : അണ്ടര്‍ 20 യില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് ചേലക്കര സ്വദേശി അല്‍ സാബിത്ത്. 24 മുതല്‍ ഇന്ത്യനേഷ്യയില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ ഗോള്‍വല കാക്കാന്‍ അല്‍ സാബിത്ത് സുലൈമാന് (17) അവസരം ലഭിച്ചിട്ടുള്ളത്.

ചേലക്കര പഞ്ചായത്ത് നാട്ടിയന്‍ചിറ കല്‍ത്തോട്ടി തെക്കെക്കരമേല്‍ സുലൈമാന്‍ – ഹാജിറ ദമ്പതികളുടെ മകനാണ്. നിലവില്‍ അല്‍ സാബിത്ത് കേരള ബ്ലാസ്റ്റേഴ്‌സില്‍ 30 അംഗം സ്‌ക്വാഡില്‍ അംഗമാണ്.

ചേലക്കര ഗവ. എസ്.എം.ടി. സ്‌കൂള്‍, പങ്ങാരപ്പിള്ളി സെയ്ന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ താരം ഉണ്ണി സീക്കോ നടത്തുന്ന ചേലക്കര ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് അല്‍സാബിത്ത് സുലൈമാന്‍ എന്ന പ്രതിഭയെ കണ്ടെത്തുന്നത്. തുടര്‍ന്ന് മികച്ച പരിശീലനം നല്‍കി, ഫുട്‌ബോള്‍ സാധ്യതകള്‍ കുടുംബവുമായി പങ്കുവെക്കുകയായിരുന്നു.

ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അരിമ്പ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനത്തിനി ടെയാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ സെലക്ഷന്‍ ലഭിക്കുന്നത്. പാല ഗുരുകുലം സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഗോവയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 20 ക്യാമ്പ് നടന്നു കൊണ്ടിരിക്കെയാണ് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കുന്നത്.

അപ്രതീക്ഷിതമായി കിട്ടിയ പുതുവര്‍ഷ സമ്മാനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നാടും നാട്ടുകാരും. സുലൈമാനും ഹാജിറയും സൗദിയില്‍ സ്വന്തമായി ടൈലറിങ് ഷോപ്പ് നടത്തി വരികയാണ്. സഹോദരി സുമയ്യ തിരുവനന്തപുരം സിവില്‍ സര്‍വീസില്‍ പഠനം നടത്തിവരുന്നു.

അല്‍സാബിത്ത് നാട്ടിലെത്തിയ ശേഷം സ്വീകരണം ഒരുക്കാന്‍ നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്. 24- ന് സിറിയ,27- ന് ജോര്‍ദ്ദാന്‍,30 – ന് ഇന്ത്യനേഷ്യ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീം മത്സരിക്കുന്നത്.