മമത ബാനർജി | Photo : ANI

ന്യൂഡല്‍ഹി : 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴിയുള്ള കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രാദേശികപാര്‍ട്ടികള്‍ക്ക് ബോണ്ട് വഴി കിട്ടിയ തുകയാണ് പുറത്തുവന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024 ഫെബ്രുവരി 15-ന് ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനുമുമ്പ് വിവിധ കക്ഷികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.ഏറ്റവുമധികം തുക ലഭിച്ചിരിക്കുന്നത് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനാണ്- 612.4 കോടി രൂപ. 2023 മാര്‍ച്ച് 31നും 2024 ഫെബ്രുവരി 15 നും ഇടയിലുള്ള കാലയളവില്‍ ലഭിച്ച തുകയാണിത്.

495.5 കോടി രൂപ ലഭിച്ച ബി.ആര്‍.എസും 245.5 കോടി രൂപ ലഭിച്ച ബി.ജെ.ഡിയും പട്ടികയില്‍ തൊട്ടുപിന്നിലുണ്ട്. ടി.ഡി.പിയ്ക്ക് 174.1 കോടിയും വൈ.ആര്‍.എസ്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് 121.5 കോടിയും ഡി.എം.കെയ്ക്ക് 60 കോടിയും ജെ.എം.എമ്മിന് 11.5 കോടിയും സിക്കിം ഡിമോക്രാറ്റിക് ഫ്രണ്ടിന് 5.5 കോടിയും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കോണ്‍ഗ്രസും ബിജെപിയും കണക്കുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇവരുടെ കണക്കുകള്‍ കൂടി ലഭിക്കുമ്പോള്‍ ഇലക്ടറല്‍ ബോണ്ടില്‍ കൂടുതല്‍ വ്യക്തത കൈവരും. ഇലക്ടറല്‍ ബോണ്ടിനെ ആദ്യം എതിര്‍ത്ത പാര്‍ട്ടികളാണ് ഇപ്പോള്‍ അതില്‍ നേട്ടമുണ്ടാക്കിയതെന്നതാണ് ശ്രദ്ധേയം. അത് റദ്ദാക്കുന്നതുവരെ ഈ രീതിയില്‍ പാര്‍ട്ടികള്‍ പരമാവധി സംഭാവനകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആകെ വരുമാനത്തിന്റെ 95 ശതമാനവും ഇലക്ടറല്‍ ബോണ്ടിലൂടെയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട്. ബി.ആര്‍.എസിന്റെ വരുമാനത്തിന്റെ 72 ശതമാനവും ബി.ജെ.ഡിയുടെ വരുമാനത്തിന്റെ 82 ശതമാനവും ടി.ഡി.പിയുടെ വരുമാനത്തിന്റെ 61 ശതമാനവും വൈ.ആര്‍.എസ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 64 ശതമാനവും ഡി.എം.കെയുടെ വരുമാനത്തിന്റെ 33 ശതമാനവും ജെ.എന്‍.എമ്മിന്റെ വരുമാനത്തിന്റെ 73 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളുടെ സംഭാവനയാണ്.

2023-24 സാമ്പത്തികവര്‍ഷത്തിലെ വരുമാനക്കണക്കുകള്‍ പുറത്തുവിട്ട നാല് ദേശീയ പാര്‍ട്ടികളില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി.) മാത്രമാണ് അതില്‍ ഇലക്ടറല്‍ ബോണ്ടിന്റെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ തങ്ങള്‍ക്ക് ലഭിച്ച 10.1 കോടി രൂപ ബോണ്ടുകള്‍- ട്രസ്റ്റുകള്‍ എന്നിവ വഴിയുള്ള സംഭാവനകളാണെന്നാണ് എ.എ.പി. അറിയിച്ചിരിക്കുന്നത്. എ.എ.പിയുടെ ആകെ വരുമാനത്തിന്റെ 44 ശതമാനം വരുമിത്. 2022-23 കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവനയില്‍ 2023-24 കാലമെത്തുമ്പോള്‍ 88 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റുള്ള കക്ഷികളുടെ കണക്കുകളും വ്യത്യസ്തമല്ല. ബി.ജെ.ഡി.-61 ശതമാനം, വൈ.ആര്‍.എസ്.കോണ്‍ഗ്രസ് പാര്‍ട്ടി-133 ശതമാനം, ടി.ഡി.പി.- 412 ശതനമാനം, ജെ.എന്‍.എം.- 858 ശതമാനം ഇത്തരത്തിലാണ് കണക്കുകള്‍.